ദുബൈ: 2025-2026 അധ്യയന വർഷത്തെ അവസാന സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിർണായക നിർദേശങ്ങളുമായി യുഎഇയിലെ സ്വകാര്യ സ്കൂളുകൾ. പരീക്ഷകൾ സമാധാനപരവും ക്രമബദ്ധവുമായി നടത്തുന്നതിനും സ്കൂൾ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
പരീക്ഷാ കാലയളവിൽ വിദ്യാലയങ്ങളിൽ ശാന്തമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ വിദ്യാർത്ഥികളും സ്കൂൾ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാ ദിവസങ്ങളിൽ അച്ചടക്കവും സുരക്ഷയും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അധ്യയന വർഷാവസാനത്തോടനുബന്ധിച്ച് അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ, സുവനീറുകൾ എന്നിവ നൽകുന്നത് അനുവദിക്കില്ലെന്ന് സ്കൂളുകൾ വീണ്ടും ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊഫഷണൽ അന്തരീക്ഷം നിലനിർത്തുന്നതിനായുള്ള ഈ നയം വർഷം മുഴുവൻ ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം സ്കൂൾ പരിസരങ്ങളിലേക്കോ ക്ലാസ് മുറികളിലേക്കോ ആഘോഷ വസ്തുക്കൾ കൊണ്ടുവരുന്നതിനും വിലക്കുണ്ട്. കൺഫെറ്റി, വിസിൽ, നിറമുള്ള സ്പ്രേ, ചിയർ ഹോൺ, ബലൂൺ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ സ്കൂളിൽ കൊണ്ടുവരാൻ പാടില്ല. ഇവ പരീക്ഷാ അന്തരീക്ഷത്തെ ബാധിക്കാനും മറ്റ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഡ്രസ് കോഡിലും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാനെത്തുന്ന എല്ലാ വിദ്യാർത്ഥികളും ഔദ്യോഗിക സ്കൂൾ യൂണിഫോം ധരിച്ചിരിക്കണം. സ്ലിപ്പറുകൾ, തുറന്ന പാദരക്ഷകൾ തുടങ്ങിയവ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങളാൽ ഷൂസും സ്കൂൾ യൂണിഫോമും നിർബന്ധമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പരീക്ഷാ കാലയളവിൽ വിദ്യാർത്ഥികൾ സമയനിഷ്ഠ പാലിക്കണമെന്നും പരീക്ഷാ ഹാളിൽ ആവശ്യമായ പഠനോപകരണങ്ങൾ മാത്രമേ കൊണ്ടുവരാവൂ എന്നും സ്കൂളുകൾ നിർദേശിച്ചു. പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.




