ദുബായ്: യുഎഇയിൽ റൂം ഷെയറിംഗും ഷെയേർഡ് താമസ സംവിധാനങ്ങളും ഉപയോഗിക്കുന്ന പ്രവാസികൾക്ക് നിർണായക മുന്നറിയിപ്പുമായി അധികൃതർ. പങ്കിട്ട താമസസ്ഥലങ്ങളിലെ വാടക കരാറുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണെന്ന് ദുബായ് ഭരണകൂടം വീണ്ടും വ്യക്തമാക്കി.
ഫ്ലാറ്റ് ഷെയറിംഗ്, ബെഡ് സ്പേസ്, പാർട്ടിഷൻ റൂം സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ഷെയേർഡ് താമസ സംവിധാനങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഷെയേർഡ് താമസ സൗകര്യം നൽകാൻ പ്രോപ്പർട്ടി ഉടമകൾക്കും ലൈസൻസുള്ള ഓപ്പറേറ്റർമാർക്കും മാത്രമാണ് അനുമതി. പെർമിറ്റില്ലാതെ അനധികൃതമായി സബ്ലെറ്റിംഗ് നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിയമം പാലിക്കാത്തവർക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ലഭിക്കാം. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുന്നതിനൊപ്പം പെർമിറ്റ് റദ്ദാക്കലും ലൈസൻസ് എടുത്തുകളയുന്നതുമടക്കമുള്ള നടപടികളും ഉണ്ടാകും.
സ്വകാര്യ ഡെവലപ്മെന്റുകളിലും ഫ്രീ സോണുകളിലുമുള്ള പങ്കിട്ട താമസസ്ഥലങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ ലേബർ ക്യാമ്പുകൾക്കായി പ്രത്യേകമായി അനുവദിച്ചിരിക്കുന്ന താമസസൗകര്യങ്ങളെ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വാടക നൽകിയിട്ടും താമസ സൗകര്യം നിഷേധിക്കുക, പെട്ടെന്ന് റൂമിൽ നിന്ന് ഒഴിപ്പിക്കുക തുടങ്ങിയ പരാതികൾ വർധിച്ചതോടെയാണ് നിയമനടപടികൾ ശക്തമാക്കിയത്. താമസക്കാരുടെയും വാടകക്കാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.



