നാട് നയിക്കാൻ പടനായകൻ: വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

തിരുവനന്തപുരം: നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പ്രതിപക്ഷ നേതാവും യു ഡി എഫിനെ വിജയത്തിലേക്ക് നയിച്ച പടനായകനുമായ വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. യു ഡി എഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുണ്ടായ ശക്തമായ രാഷ്ട്രീയ നീക്കങ്ങൾക്കും നേതൃത്വ ചർച്ചകൾക്കും ഒടുവിലാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടം മുതൽ തന്നെ യു ഡി എഫിന്റെ മുഖമായി നിറഞ്ഞുനിന്ന വി.ഡി സതീശൻ, സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നയിച്ച നേതാവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. സഭയ്ക്കകത്തും പുറത്തും കൃത്യമായ വാദങ്ങളിലൂടെ എൽ ഡി എഫിനെ പ്രതിരോധത്തിലാക്കിയ സതീശൻ ജനങ്ങൾക്കിടയിലും വലിയ സ്വീകാര്യത നേടി.

2021ൽ പരിമിത സീറ്റുകളുമായി പ്രതിപക്ഷ നിരയിലായിരുന്ന യു ഡി എഫിനെ ശക്തമായ മുന്നണിയായി തിരികെ കൊണ്ടുവന്നതിൽ സതീശന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അഞ്ച് വർഷം നീണ്ട രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ യു ഡി എഫ് നടത്തിയ ശക്തമായ തിരിച്ചുവരവും സതീശന്റെ രാഷ്ട്രീയ മികവിന്റെ തെളിവായാണ് കാണപ്പെടുന്നത്.

കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ വി.ഡി സതീശൻ എം ജി സർവകലാശാല യൂണിയൻ ചെയർമാൻ, എ ഐ സി സി സെക്രട്ടറി, കെ പി സി സി വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനാ ചുമതലകൾ വഹിച്ചു. 2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്ന അദ്ദേഹം മികച്ച പാർലമെന്റേറിയനായും അറിയപ്പെടുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം പുതിയ മന്ത്രിസഭയുടെ രൂപീകരണ ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

Leave a Comment