ദുബായ്: യുഎഇയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്ക് വലിയ യാത്രാ സൗകര്യമൊരുക്കുന്ന ജിസിസി (GCC) ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം 2026 അവസാനത്തോടെ നിലവിൽ വരുമെന്ന് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഷെങ്കൻ വിസ മാതൃകയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം പ്രാബല്യത്തിൽ വന്നാൽ യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ ആറു ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും.
നിലവിൽ ഒരു ഗൾഫ് രാജ്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ പല സാഹചര്യങ്ങളിലും പ്രത്യേക വിസ നടപടിക്രമങ്ങൾ ആവശ്യമാണ്. എന്നാൽ പുതിയ വിസ സംവിധാനം വരുന്നതോടെ ഒരൊറ്റ അപേക്ഷയിലൂടെ ഒന്നിലധികം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
പ്രത്യേകിച്ച് യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഈ പദ്ധതി ഏറെ ഗുണകരമാകും. ഉദാഹരണത്തിന് ദുബായിൽ താമസിക്കുന്ന ഒരാൾക്ക് അവധി ദിവസങ്ങളിൽ സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ അല്ലെങ്കിൽ ഒമാൻ സന്ദർശിക്കാൻ ഓരോ രാജ്യത്തിനും പ്രത്യേകം വിസ എടുക്കേണ്ട സാഹചര്യം ഒഴിവാകും.
ജിസിസിയുടെ സംയുക്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് ഈ വിസ സംവിധാനം നടപ്പാക്കുന്നത്. ഗൾഫ് മേഖലയെ ഒരു ഏകീകൃത വിനോദസഞ്ചാര കേന്ദ്രമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിക്ക് 2023ൽ തന്നെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നടപ്പാക്കൽ 2026 അവസാന പാദത്തിലേക്ക് മാറ്റുകയായിരുന്നു. ഔദ്യോഗിക ലോഞ്ച് തീയതി പിന്നീട് പ്രഖ്യാപിക്കും.
പുതിയ വിസയുടെ ഏറ്റവും വലിയ പ്രത്യേകത ഓരോ രാജ്യത്തിനും പ്രത്യേകം വിസ അപേക്ഷിക്കേണ്ടതില്ല എന്നതാണ്. ഇതിലൂടെ അപേക്ഷാ നടപടികൾ ലളിതമാകുകയും യാത്രാ ചെലവുകൾ കുറയുകയും ചെയ്യും. പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്.
വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സാധുവായ പാസ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ, താമസ വിവരങ്ങൾ, യാത്രാ വിവരങ്ങൾ, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകൾ, ട്രാവൽ ഇൻഷുറൻസ് എന്നിവ ആവശ്യമായി വരുമെന്നാണ് നിലവിൽ ലഭ്യമായ വിവരം.
ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും വിദേശ വിനോദസഞ്ചാരികൾക്കും കൂടുതൽ എളുപ്പത്തിൽ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അവസരമൊരുക്കുന്ന ഈ പദ്ധതി, മേഖലയിലെ ടൂറിസം രംഗത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




