ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ നിലവിലുള്ള പഠന സംവിധാനം തുടരുമോ, അതോ പുതിയ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ അടുത്ത ഞായറാഴ്ച നിർണായക പ്രഖ്യാപനം ഉണ്ടാകും. ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ആണ് ഇക്കാര്യം അറിയിച്ചത്.
മേയ് 10 ഞായറാഴ്ച വൈകുന്നേരം ദുബൈയിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായ പുതിയ പഠന സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ ക്ലാസുകൾ ഓൺലൈനായിരിക്കുമോ, നേരിട്ടുള്ള പഠനരീതിയിലേക്കാണോ മടങ്ങുക എന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചുമാണ് അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് KHDA അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പഠന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.




