ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കായുള്ള ബലിപെരുന്നാൾ അവധി ദിനങ്ങൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി നൽകുന്നത്. ഇതോടൊപ്പം ശനി, ഞായർ വാരാന്ത്യ അവധികളും ചേർന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി 9 ദിവസത്തെ നീണ്ട വിശ്രമം ലഭിക്കും.

അവധി കഴിഞ്ഞ് ജൂൺ 1 തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും. മൂന്നാം സെമസ്റ്ററിലെ ഫൈനൽ പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ അവധി ലഭിക്കുന്നത്. ജൂൺ 15, 16 തീയതികളിൽ മോക്ക് പരീക്ഷകൾ നടക്കും. ഹിജ്‌റ പുതുവത്സര അവധിക്ക് ശേഷം ജൂൺ 24 മുതൽ ജൂലൈ 3 വരെ അവസാന പരീക്ഷകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു. ജൂലൈ 3 ആയിരിക്കും ഈ അധ്യയന വർഷത്തിലെ അവസാന പ്രവൃത്തി ദിവസം.

അതേസമയം, ഈ വർഷത്തെ ബലിപെരുന്നാൾ തീയതിയെക്കുറിച്ചുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷണം മെയ് 17 ന് ദുബായിൽ നടക്കും. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മെയ് 27 ബുധനാഴ്ച ബലിപെരുന്നാൾ ആയേക്കാമെന്നാണ് വിലയിരുത്തൽ.

ഇത് ശരിയായാൽ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ യുഎഇയിൽ ഔദ്യോഗിക അവധി ലഭിക്കാൻ സാധ്യതയുണ്ട്. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേർന്നാൽ പ്രവാസികൾക്കും കുടുംബങ്ങൾക്കും തുടർച്ചയായി 6 ദിവസത്തെ നീണ്ട അവധി ലഭിച്ചേക്കും.

ബലിപെരുന്നാൾ ആഘോഷങ്ങളെ മുന്നിൽ കണ്ട് യുഎഇയിലെ ഷോപ്പിംഗ് മാളുകളിലും പാർക്കുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, യാത്രകളും കുടുംബ പരിപാടികളും മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Comment