അബൂദാബി: യുഎഇയിലെ വാഹന ഡ്രൈവർമാർക്ക് വലിയ ആശ്വാസമായി പുതിയ പ്രഖ്യാപനം. ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും ഇനി നിർബന്ധമായും പേപ്പർ രൂപത്തിൽ കൈയിൽ വെക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
MOIUAE, TAMM, UAE PASS പോലുള്ള ഔദ്യോഗിക സ്മാർട്ട് ആപ്പുകളിൽ ലഭിക്കുന്ന ഡിജിറ്റൽ ലൈസൻസും വാഹന ഉടമസ്ഥത രേഖയും ഇനി ഔദ്യോഗികമായി അംഗീകരിച്ച രേഖകളായിരിക്കും. അതിനാൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ ഈ രേഖകൾ കാണിച്ചാൽ മതിയാകും.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, ഡ്രൈവർമാർക്ക് രേഖകൾ എളുപ്പത്തിൽ പരിശോധിക്കാനും ആവശ്യമായപ്പോൾ അധികൃതർക്ക് ഉടൻ കാണിക്കാനും കഴിയുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
അബുദാബി പൊലീസും ഈ സംവിധാനം സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഇലക്ട്രോണിക് ഉടമസ്ഥത രേഖയും ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പിയും സ്മാർട്ട് ആപ്പുകൾ വഴി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
നിയമ-ട്രാഫിക് വിദഗ്ധർ പറയുന്നതനുസരിച്ച്, പല ഡ്രൈവർമാരും ലൈസൻസ് അല്ലെങ്കിൽ വാഹന രജിസ്ട്രേഷൻ കാർഡ് വീട്ടിൽ മറക്കുന്നതിനാൽ പിഴ ലഭിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. പുതിയ ഡിജിറ്റൽ സംവിധാനം ഇതിന് വലിയ പരിഹാരമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സാധുവായ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഇപ്പോഴും ഗുരുതര നിയമലംഘനമാണ്. ട്രാഫിക് നിയമപ്രകാരം ലൈസൻസ് അല്ലെങ്കിൽ വാഹന രേഖ കൈയിൽ ഇല്ലാത്തതിന് 400 ദിർഹം വരെ പിഴ ലഭിക്കാം.
യുഎഇയിലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ കൂടുതൽ സ്മാർട്ടാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നത്.



