അബുദാബി : യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി പുതിയ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും. പാസ്പോർട്ട് പുതുക്കൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഒ.സി.ഐ, രേഖാ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.റിപ്പോർട്ടുകൾ പ്രകാരം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി 16 പുതിയ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. കേരള ആസ്ഥാനമായ ആൽഹിന്ദ് ഗ്രൂപ്പാണ് പുതിയ സേവനങ്ങൾ കൈകാര്യം ചെയ്യുന്നത്.
അബുദാബിയിൽ ഖാലിദിയ, അൽ റീം ദ്വീപ്, മുസഫ, മദീനത് സായിദ്, ഗയാതി, അൽ ഐൻ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.ദുബായിൽ ബുർ ദുബായ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ഷാർജയിൽ റോള, അൽ നഹ്ദ എന്നിവിടങ്ങളിലും പുതിയ സേവന കേന്ദ്രങ്ങൾ വരും.അജ്മാൻ, ഫുജൈറ, റാസ് അൽ ഖൈമ, ഉം അൽ ഖുവൈൻ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാസ്പോർട്ട് പുതുക്കൽ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഒ.സി.ഐ സേവനങ്ങൾ, രേഖാ സാക്ഷ്യപ്പെടുത്തൽ, രേഖ പരിശോധന എന്നിവയാണ് പ്രധാനമായും ലഭ്യമാകുന്ന സേവനങ്ങൾ.സേവന നിരക്ക് കുറയാനും കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.




