യുഎഇയിൽ ശമ്പളം ഇനി ഒന്നാം തീയതിക്കകം; വൈകിയാൽ പിഴയും യാത്രാവിലക്കും, പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം

ദുബായ്: യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വിതരണം സംബന്ധിച്ച് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. 2026 ജൂൺ ഒന്നുമുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതിക്കകം ശമ്പളം നൽകുന്നത് നിർബന്ധമാകും.

നിശ്ചിത തീയതിക്ക് ശേഷമുള്ള ശമ്പള വിതരണം വൈകിയതായാണ് കണക്കാക്കുക. മന്ത്രാലയം അംഗീകരിച്ച ശമ്പള സംരക്ഷണ സംവിധാനങ്ങളിലൂടെ മാത്രമേ ശമ്പളം നൽകാനാകൂ എന്നും നിർദേശിച്ചിട്ടുണ്ട്.

തൊഴിലാളികൾക്ക് ലഭിക്കേണ്ട ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനം നിശ്ചിത സമയത്തിനകം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.

ശമ്പളം വൈകിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഘട്ടംഘട്ടമായ കർശന നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം മുന്നറിയിപ്പുകളും നിരീക്ഷണവും ഏർപ്പെടുത്തും. തുടർന്ന് പുതിയ തൊഴിൽ അനുമതികൾ നിർത്തിവെക്കുകയും പിഴ ചുമത്തുകയും ചെയ്യും. നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തൊഴിലാളി തർക്ക നടപടികൾ, യാത്രാവിലക്ക്, സ്ഥാപനത്തിന്റെ സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ നടപടികളും സ്വീകരിക്കും.

50ൽ കൂടുതൽ തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയായ സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.

അതേസമയം, കോടതിയിൽ ശമ്പളവുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന തൊഴിലാളികൾ, ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നവരായി രേഖപ്പെടുത്തിയവർ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ എന്നിവരെ ചില സാഹചര്യങ്ങളിൽ ഈ കണക്കെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രവാസി തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കുകയും സ്വകാര്യ തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കുറയ്ക്കുകയും ചെയ്യുന്നതിനുള്ള സുപ്രധാന നടപടിയായാണ് പുതിയ നിയമഭേദഗതിയെ വിലയിരുത്തുന്നത്.

Leave a Comment